കണ്ണൂർ: തെയ്യം കലാകാരൻ ഇ.പി. നാരായണൻ പെരുവണ്ണാന് കേന്ദ്രസർക്കാറിന്റെ പത്മശ്രീ പുരസ്കാരം. തളിപ്പറമ്പ് പാലകുളങ്ങര സ്വദേശിയാണ് 66 കാരനായ നാരായണൻ. പനക്കാട്ട് ഒതേന പെരുവണ്ണാൻ്റെയും മാമ്പയിൽ പാഞ്ചുവിൻ്റെയും മകനായി ജനിച്ച ഇദ്ദേഹം നാലാം വയസിൽ അമ്മയുടെ ചെറുജന്മവകാശത്തിലുള്ള തൃച്ചംബരം പാലകുളങ്ങര ഭാഗങ്ങളിൽ ആടിവേടൻ കെട്ടിയാടിയാണ് തെയ്യം കലാരംഗത്തേക്ക് കടന്നു വരുന്നത്. പിതാവിൻ്റെ ജന്മാവകാശത്തിലുള്ള കരിമ്പം കുണ്ടത്തിൻ കാവിൻ്റെ അധീനതയിലുള്ള പനക്കാട് ചെറുവലിൽ പാടാർ കുളങ്ങര വീരൻ കെട്ടിയാടിയതോടെ തെയ്യാട്ടം രംഗത്ത് ശ്രദ്ധേയനായി. പനക്കാട് ഒതേന പെരുവണ്ണാൻ, ചുഴലി ചിണ്ട പെരുവണ്ണാൻ, അഴിക്കോട് കൃഷ്ണൻ പെരുവണ്ണാൻ എന്നിവരാണ് ഗുരുനാഥൻമാർ കളരി അഭ്യാസം, തോറ്റം പാട്ട്, മുഖത്തെഴുത്ത് അണിയലം നിർമ്മാണം വാദ്യം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. തെയ്യാട്ട ഭൂമികയായ കോലസ്വരൂപം, ചുഴലി സ്വരൂപം പ്രാട്ടറസ്വരൂപം എന്നിവടങ്ങളിലെയും അനേകം കാവുകളിലും തറവാടുകളിലും പള്ളിയറകളിലും കോലങ്ങൾ കെട്ടിയാടി. നൂറോളം കാവുകളിൽ തെയ്യാട്ടക്കാലത്ത് വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടി വിശ്വാസികളുടെ മനസിൽ ഇടം നേടിയ കലാകാരനാണ് ഇ.പി നാരായണൻ പെരുവണ്ണാൻ. 2009 ലെ കേരള ഫോക് ലോർ അക്കാദമി ഗുരു പുജ പുരസ്കാരം, ഉത്തരമലബാർ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതി പുരസ്ക്കാരം, 2018 ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ് തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 34 പേർക്കാണ് പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യൻ കണ്ണൂർ സ്വദേശി സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ കണ്ണൂർ സ്വദേശി ഇ.പി നാരായണൻ, കാസർകോട്ടെ നെൽകർഷകനായ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്.
