കാസര്‍കോട്: പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സംഘര്‍ഷ കേസിലെ പ്രതി പൊലീസിനെ തള്ളിയിട്ട് രക്ഷപ്പെട്ടു. ബേക്കല്‍ പൊലീസ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത പെരിയാട്ടടുക്കം സംഘര്‍ഷകേസിലെ പ്രതിയായ റഹീം എന്നയാളാണ് ചൊവ്വാഴ്ച രാത്രി ചെങ്കളയിലെ ആശുപത്രിയില്‍ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ബേക്കലില്‍ നടന്നു വരുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പെരിയാട്ടടുക്കത്ത് സംഘര്‍ഷം ഉണ്ടായത്. രണ്ടു പ്രദേശങ്ങളിലെ യുവാക്കള്‍ ചേരി തിരിഞ്ഞാണ് ആക്രമണത്തിലേര്‍പ്പെട്ടത്. മരവടികളും കല്ലും ഉപയോഗിച്ചായിരുന്നു അക്രമം. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്നു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. രണ്ട് പ്രതികള്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇവരില്‍ ഒരാളാണ് രക്ഷപ്പെട്ടത്. പ്രതിക്കായി പൊലീസ് വ്യാപകമായ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
