പെൺകുട്ടിക്ക് ഒപ്പം എത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം; 2 പേർ അറസ്റ്റിൽ

കോതമംഗലം: യുവാവിനും പെണ്‍സുഹൃത്തിനും നേരേ സദാചാരഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ .മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീര്‍(42) മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത് കടവില്‍ നവാസ്(39) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേയാണ് ആക്രമണമുണ്ടായത്. യുവാവിന്റെ പണമടങ്ങിയ ബാഗും അക്രമികള്‍ തട്ടിയെടുത്തു.ഞായറാഴ്ച രാത്രിയാണ് യുവാവിനെ പ്രതികള്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ യുവാവിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇയാളുടെ പണവും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം. കാര്‍ഡ് എന്നിവയടങ്ങിയ ബാഗും പ്രതികള്‍ തട്ടിയെടുത്തു. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ കോതമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ടി.ബിജോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പിടികൂടിയത്. രാത്രി എട്ടരയോടെ പരാതിക്കാരനായ യുവാവും സുഹൃത്തായ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയും ബൈക്കിലെത്തിയപ്പോള്‍ പ്രതികള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ആരാണെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും 15 വയസ്സല്ലേ പ്രായമുള്ളൂവെന്നും പറഞ്ഞ് പ്രതികള്‍ ഇരുവരോടും തട്ടിക്കയറി. ഇതോടെ പരാതിക്കാരന്‍ സുഹൃത്തായ വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ കയറ്റിവിട്ടു. ഇതിനു പിന്നാലെയാണ് പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ച്‌ പണവും രേഖകളും തട്ടിയെടുത്തത്. യുവാവിന്റെ ബൈക്കും അക്രമികള്‍ നശിപ്പിച്ചു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. യുവാവില്‍നിന്ന് തട്ടിയെടുത്ത ബാഗും മറ്റുരേഖകളും പ്രതിയായ നവാസിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. എസ്.ഐ. ആല്‍ബിന്‍ സണ്ണി, എസ്.ഐ. റെജി, എ.എസ്.ഐ. സലിം, എസ്.സി.പി.ഒ. നിയാസ് മീരാന്‍. സി.പി.ഒ. ഷെഫീഖ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page