കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ്(41) മകന്‍ ദേവനാരായണന്‍(9), മകള്‍ ദേവനന്ദ(4) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ച വിവരം പുറംലോകമറിയുന്നത്. മരിക്കുന്നതിന് മുമ്പ് ഭാര്യക്ക് ഫോണില്‍ മെസേജ് അയച്ചിരുന്നു. അങ്ങനെയാണ് അടുത്ത ബന്ധു വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ ഹാന്‍ഡ് റെയിലില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് അച്ഛന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ മാതാവ് ഡോക്ടറാണ്. തൊട്ടടുത്തുള്ള എസ്എന്‍ വി സദനത്തില്‍ താമസിച്ച് പിജിക്ക് പഠിക്കുകയാണ് ഇവര്‍. ഇവര്‍ തമ്മില്‍ കുടുംബവഴക്കുകള്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ നാട്ടുകാരും ബന്ധുക്കളക്കം നിരവധി പേര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
