കാസര്‍കോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നീലേശ്വരം പൊലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താ(43)ണ് ഹൊസ് ദുര്‍ഗ് പൊലീസിന്റെ പിടിയിലായത്. തിരുവന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ഷംനാദിനെ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാത്രിയിലാണ് പൊലീസിനെ പറ്റിച്ച നാടകീയ സംഭവം നടന്നത്. പത്തനംതിട്ടയിലെ ജഡ്ജി കാര്‍ കേടായി റോഡിലുണ്ടെന്നും അദ്ദേഹത്തെ ലോഡ്ജിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍വിളിയെത്തിയത്. താന്‍ ഡിസിആര്‍ബി ഡിവൈഎസ്പി ആണെന്നും വെളിപ്പെടുത്തിയാണ് ഫോണ്‍ വിളി. വിശ്വസിച്ച പൊലീസ് ഉടന്‍ തന്നെ നീലേശ്വരം ഹൈവേയിലെത്തി. തനിക്ക് ഭീഷണിയുണ്ടെന്നും ഉടന്‍ ഒരു ലോഡ്ജിലെത്തിക്കണമെന്നും കാറിലുള്ള ആള്‍ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം നീലേശ്വരം പൊലീസ് ഹൊസ്ദുര്‍ഗ് പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് വാഹനത്തില്‍ കാഞ്ഞങ്ങാട്ടെ ഒരുഹോട്ടലില്‍ എത്തിക്കുകയായിരുന്നു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. ലോഡ്ജില്‍ ഇരിക്കെ തനിക്ക് കണ്ണൂരിലേക്ക് പോകാന്‍ ഒരു ടാക്‌സി ഒരുക്കിത്തരണമെന്നു അറിയിച്ചപ്പോള്‍ പൊലീസ് അതിന് തയ്യാറായില്ല. പകരം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞു. അങ്ങനെ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ രാത്രി കണ്ണൂര്‍ ഭാഗത്തേക്ക് ഇനി ഒരു ട്രെയിനുമില്ലെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വീണ്ടും ലോഡ്ജിലെത്തിച്ചു. സംശയം തോന്നിയ പൊലിസ് വന്ന ആളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അമളി മനസിലായത്. ഒരുരാത്രി മുഴുവന്‍ പൊലീസിനെ കബളിപ്പിക്കുകയായിരുന്നു ഷംനാദ്. ഒന്‍പത് കേസുകള്‍ ഷംനാദിനെതിരെ തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്ന് വ്യക്തമായി. അറസ്റ്റുചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
