ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു. കൃത്യംചെയ്ത അച്ഛനെയും 4 ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്തുള്ള പൂവാലൂര്‍ സ്വദേശിയാണ് ദളിതനായ നവീന്‍. തിരുപ്പൂരില്‍ ബനിയന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. ഇരുവരുടെയും ബന്ധം ഇരുവീട്ടുകാരും എതിര്‍ത്തിരുന്നു. പ്രണയ ബന്ധം അറിഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് സ്വജാതിയില്‍ പെട്ടവരനെ തേടാന്‍ തുടങ്ങിയിരുന്നു. അതിനിടയിലാണ് ഇരുവരും ഒളിച്ചോടി ഡിസംബര്‍ 31 ന് വിവാഹം കഴിച്ചത്. മകളെ കാണാനില്ലെന്ന് ജനുവരി 2 ന് അച്ഛന്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ അച്ഛനൊപ്പം പറഞ്ഞുവിട്ടു. അടുത്ത ദിവസമാണ് പെണ്‍കുട്ടി മരിച്ചതായി നവീന്‍ അറിഞ്ഞത്. ആരെയും അറിയിക്കാതെ അവര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നവീന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്.
