കണ്ണൂര്‍: സജി ചെറിയാന് പകരം കെ.ബി ഗണേഷ് കുമാര്‍ സിനിമാ മന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ മലയാള ചലച്ചിത്രലോകം. ചലച്ചിത്രനടനായി കാല്‍ നൂറ്റാണ്ടോളം പ്രവര്‍ത്തിച്ച കെ.ബി ഗണേഷ് കുമാറിന്റെ അനുഭവ സമ്പത്ത് മലയാള സിനിമാരംഗം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന അഭിപ്രായം സിനിമാ സംഘടനകളായ ഫെഫ്ക, മാക്ട അമ്മ എന്നിവയ്ക്കുണ്ട്. മാത്രമല്ല സിനിമാ മേഖലയില്‍ നിന്നുമൊരാള്‍ സിനിമാമന്ത്രിയാകണമെന്ന് സര്‍ക്കാരിന്റെ എല്ലാ പരിപാടികളിലും സഹകരിക്കുന്ന സുപ്പര്‍ സ്റ്റാറുകളായ മമ്മുട്ടി , മോഹന്‍ലാല്‍ എന്നിവര്‍ക്കു മുണ്ടെന്നാണ് വിവരം. നിലവില്‍ സിനിമയുടെ ചുമതല വഹിക്കുന്ന സജി ചെറിയാന്റെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം നേതൃത്വത്തിനും അതൃപ്തിയുണ്ട്. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രഞ്ജിത്തുമായി ബന്ധപ്പെട്ടു നടന്ന വിവാദങ്ങള്‍ സി.പി.എമ്മിനും തലവേദനയായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ സിനിമാ വകുപ്പ് ഗണേഷ് കുമാറിന് ലഭിച്ചേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചലച്ചിത്ര മേഖലയിലെ ഒരു വിഭാഗം ആളുകളുടെ പ്രതിനിധിയായി മാത്രമേ ഗണേഷ് കുമാറിന് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്നു വിമര്‍ശനമുന്നയിക്കുന്നവരുമുണ്ട്. പൊടി പിടിച്ചു കിടക്കുന്ന ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചയാള്‍ കൂടിയാണ് ഗണേഷ്‌കുമാര്‍.
