മംഗളൂരു: നിരവധി സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയ രണ്ടു പ്രതികള്‍ മംഗളൂരുവില്‍ പിടിയിലായി. കസ്ബ ബെംഗ്രെ സ്വദേശികളായ മുഹമ്മദ് ആസിഫ് എന്ന ആസിഫ് എന്ന ആസ്മി (32), മുഹമ്മദ് സഫ്വാന്‍ (21) എന്നിവരെയാണ് സിറ്റി നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തത്. പ്രതികള്‍ മോഷ്ടിച്ച രണ്ട് സ്‌കൂട്ടറുകളും രണ്ട് ലാപ്ടോപ്പുകളും പിടികൂടി. പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നോര്‍ത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ അജ്മത്ത് അലിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ അന്വേഷണത്തിനായി എത്തിയത്. പടുബിദ്രി ഗ്രാമസേവാകേന്ദ്രം, കദ്രി ജംങ്ഷനിലെ സ്‌കൈനെറ്റ് മൊബൈല്‍ ഫോണ്‍ സ്റ്റോര്‍, വിനായക ട്രേഡേഴ്സ് പെയിന്റ് ഷോപ്പ്, കദ്രി കമ്പളയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം എന്നിവിടങ്ങളിലെ കവര്‍ച്ചയ്ക്ക് ഇവര്‍ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു.
മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷന്‍, ബണ്ട്വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍, മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷന്‍, മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ പത്തോളം മോഷണ കേസുകള്‍ നിലവിലുണ്ട്.
