ജോലി റിയൽ എസ്റ്റേറ്റ് ഏജൻ്റ്;  4 വർഷത്തിനിടെ 3 സംസ്ഥാനങ്ങളിലായി കൊലപ്പെടുത്തിയത് 11 പേരെ; മൂന്ന് സംസ്ഥാനങ്ങളിൽ കൊലപാതക പരമ്പര നടത്തിയ കൊലപാതകി പിടിയിൽ

തെലങ്കാന: റിയൽ എസ്റ്റേറ്റ് ഏജന്റായും   നിധി വേട്ടക്കാരൻ ചമഞ്ഞും  കൊലപാതക പരമ്പര നടത്തിയ ആളെ പിടികൂടി പൊലീസ്.  2020 മുതൽ തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ 11 പേരെ കൊലപ്പെടുത്തിയ സത്യനാരായണ യാണ് അറസ്റ്റിലായത്.
നിധിശേഖരങ്ങളുടെ കഥ പറഞ്ഞ് ആളുകളെ കബളിപ്പിച്ച് കഴിഞ്ഞ നാല് വർഷത്തിനിടെ 11 പേരെയും താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ സത്യനാരായണ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഹൈദരാബാദിൽ നിന്ന് കാണാതായ സ്ഥലക്കച്ചവടക്കാരൻ എ വെങ്കിടേഷിന്റെ ഭാര്യ നവംബർ 28 ന് പോലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതക പരമ്പര പുറത്ത്‌ വന്നത്‌. നാഗർകുർണൂൽ, വനപർത്തി ജില്ലകളിലെ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ മുഖേന ഏതാനും മാസങ്ങൾക്കുമുമ്പാണ് ലംഗാർ ഹൗസിലെ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ വെങ്കിടേഷിനെ സത്യനാരായണ പരിചയപ്പെടുന്നത്.വെങ്കിടേഷും സുഹൃത്തുക്കളും കൊല്ലപ്പൂരിലെ അവരുടെ ഭൂമിയിൽ നിധി കണ്ടെത്താൻ സത്യനാരായണയെ സമീപിച്ചിരുന്നു. എന്നാൽ മൂന്ന് ഗർഭിണികളെ ബലിയർപ്പിച്ചാൽ മാത്രമേ നിധി കണ്ടെത്താനാകൂവെന്ന് സത്യനാരായണ വെങ്കിടേഷിനോട് പറഞ്ഞു. വെങ്കിടേഷ് അത് വിസമ്മതിക്കുകയും സത്യനാരായണയ്ക്ക് നൽകിയ 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.പണത്തിനായി വെങ്കിടേഷ് സമ്മർദം ചെലുത്താൻ തുടങ്ങിയപ്പോഴാണ് സത്യനാരായണ വെങ്കിടേഷിനെ കൊല ചെയ്യാന്‍ തീരുമാനിച്ചത്. പ്ലാൻ പ്രകാരം വെങ്കിടേഷിനെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി ചൗട്ടുപ്പാലിനടുത്തുള്ള ജലാൽപൂരിലെ ഒരു മലമുകളിലേക്ക് കൊണ്ടുപോയി.  നവംബർ 4 ന് പുലർച്ചെ മയക്കമരുന്ന് കലർത്തിയ പ്രസാദം നല്‍കി അബോധാവസ്ഥയിലാക്കി. അതിന് ശേഷം വെങ്കിടേഷിന്റെ വായിലും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. നീണ്ട ചോദ്യം ചെയ്യലിന്റെ ഒടുവില്‍ 2020 മുതൽ ഏഴ് കുറ്റകൃത്യങ്ങളിൽ 10 പേരെ കൂടി കൊലപ്പെടുത്തിയതായി സത്യനാരായണ കുറ്റസമ്മതം നടത്തി. 2020-ൽ വനപർത്തിയിലെ രേവള്ളിയിൽ ഒരു കുടുംബത്തിലെ നാലുപേരെയും, 2021-ൽ നാഗർകർനൂൽ ടൗണിലും കൊല്ലാപ്പൂരിലും ഒരാൾ വീതവും, 2022-ൽ നാഗർകുർണൂലിൽ ഒരാളെയും, 2023-ൽ കൽവകുർത്തിയിലും, കർണാടകയിലെ റായ്ച്ചൂരിനടുത്തുള്ള ബാലഗനൂരിലും,  ആന്ധ്രയിലെ അനന്തപൂർ ജില്ലയിലെ പെദ്ദവദുഗൂരില്‍ ഒരാളെയും കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. പ്രതിയുടെ കുറ്റസമ്മതത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page