തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെയെന്ന് കണ്ടെത്തല്‍. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹ്ന വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്യുകയാണുണ്ടായത്. ഷഹ്നയുടെ ഫോണിൽ നിന്നും മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലിറ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് ഷഹ്നയെ അബോധാവസ്ഥയിൽ ഫ്ലാറിൽ കണ്ടെത്തുന്നത്. കസ്റ്റഡിയിലെടുത്ത ഷഹനയുടെയും റുവൈസിന്റെയും മൊബൈല്‍ ഫോണുകള്‍ വിദഗ്ധ പരിശോധനയ്ക്ക് കൈമാറി. ഷഹനയുടെ സഹോദരന്റെ ജാസിം നാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ റുവൈസിന്റെ പിതാവിനെ കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യതയേറി. അതേസമയം, കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍ പോയതായാണ് വിവരം. കേസില്‍ പിതാവിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. റുവൈസിന്റെ പിതാവിനെ വൈകാതെ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഷഹനയുടെയും റുവൈസിന്റെയും സുഹൃത്തുകളുടെ മൊഴിയും മെഡിക്കല്‍ കോളേജ് പൊലീസ് രേഖപ്പെടുത്തും. ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പില്‍ പ്രതി റുവൈസിനും കുടുംബാംഗങ്ങള്‍ക്കും എതിരെ പരാമര്‍ശനമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നതെന്നും വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യമെന്നും കുറിപ്പിലുണ്ട്. ഒന്നരക്കിലോ സ്വര്‍ണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കൈയില്‍ ഇല്ലെന്നുള്ളത് സത്യമാണെന്നുമുള്ള പരാമര്‍ശങ്ങള്‍ ആത്മഹത്യകുറിപ്പിലുള്ളതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ, റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍, റുവൈസ് ആ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണ്. ആത്മഹത്യകുറിപ്പിലെ പരാമര്‍ശങ്ങള്‍ക്ക് സമാനമായി ഷഹനയുടെ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
