റോയല്‍ ട്രാവന്‍കൂര്‍ നിക്ഷേപ തട്ടിപ്പ്‌:കുമ്പളയിലും  കൂടുതൽ പേർക്ക് പണം നഷ്ടമായി; അന്വേഷണമാരംഭിച്ച് പൊലീസ്


കാസർകോട്:പാവങ്ങളെ പ്രലോഭിപ്പിച്ചു കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തി യെന്ന പരാതിയിൽ കുമ്പള പൊലീസ്‌ അന്വേഷണമാരംഭിച്ചു. പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയ റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസര്‍ കമ്പനിയുടെ കുമ്പള ശാഖയിലെ ജീവനക്കാരികളായ അഞ്ചു യുവതികളുടെ മൊഴി പൊലീസ്‌ രേഖപ്പെടുത്തി.
കമ്പനിക്കു നിക്ഷേപം ഉണ്ടാക്കിക്കൊടുത്ത തങ്ങളെയും കമ്പനി ശമ്പളം പോലും നല്‍കാതെ പറ്റിച്ചുവെന്നു പരാതിക്കാര്‍ പൊലീസിനെ അറിയിച്ചു. നിക്ഷേപകരില്‍ നിന്നു കിട്ടിയ പണം എണ്ണിത്തിട്ടപ്പെടുത്തി അപ്പപ്പോള്‍ത്തന്നെ കമ്പനി ഉടമകള്‍ക്കു കൈമാറിയിരുന്നുവെന്ന്‌ ഇവർ പൊലീസിനെ അറിയിച്ചു. എന്നാല്‍ എന്ത്‌ ഉറപ്പിന്റെയും വ്യവസ്ഥയുടെയും അടിസ്ഥാനത്തിലാണ്‌ പ്രലോഭനങ്ങള്‍ നല്‍കി നിക്ഷേപം സ്വീകരിച്ചത് എന്നതിന് കൃത്യമായ മറുപടി നൽകാൻ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല.
മംഗലാപുരം, തൊക്കോട്ട്‌, ബദിയഡുക്ക, കുമ്പള, ഉപ്പള, പെര്‍ള, കാസര്‍കോട്‌, ഉദുമ എന്നിവിടങ്ങളിലും സംസ്ഥാനത്തെ മറ്റു വിവിധ സ്ഥലങ്ങളിലും കമ്പനിക്കു നിക്ഷേപസമാഹരണ കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നു ജീവനക്കാര്‍ പറഞ്ഞു. ഇതിൽ മിക്കതും അടച്ചിരിക്കുകയാണ്.
ജീവനക്കാരികളെ ചോദ്യം ചെയ്യുന്ന വിവരമറിഞ്ഞെത്തിയ ഇരുപതോളം വനിതാ നിക്ഷേപകരോടു പരാതി എഴുതി നല്‍കാൻ പൊലീസ് ആവശ്യപ്പെട്ടു. കമ്പനി ഉടമകള്‍ അടുത്ത ദിവസം സ്റ്റേഷനില്‍ എത്താമെന്ന ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പൊലീസ്‌ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page