ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് ഭാര്യ പ്രേമലത. നടനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരിച്ചത്. ക്യാപ്റ്റന്‍ ആരോഗ്യവാനാണ്. അധികം താമസിയാതെ ക്യാപ്റ്റന്‍ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയും ഞങ്ങളെ എല്ലാവരെയും കാണുകയും ചെയ്യും. ആരും കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് അവര്‍ ആരാധകരോട് സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിച്ചു. വിജയകാന്തിനൊപ്പമുള്ള ചിത്രങ്ങളും പ്രേമലത പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യര്‍ഥിച്ചു. തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് നവംബര്‍ 18 ന് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ച് വര്‍ഷങ്ങളായി വിജയകാന്തിന്റെ ആരോഗ്യനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തവണ കടുത്ത ചുമയും ജലദോഷവും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഡിഎംഡികെ സ്ഥഥാപക നേതാവാണ് അദ്ദേഹം.
വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി നടന്‍ നാസറും രംഗത്തെത്തി. തമിഴ് സിനിമ അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പമാണ് നാസര്‍ ആശുപത്രിയില്‍ എത്തിയത്. വിജയകാന്തിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ട്. വൈകാതെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാസര്‍ പറഞ്ഞു.
