കാസർകോട്: കാസർകോട് ബദിയഡുക്കയില്‍ വന്‍ പലിശ വാഗ്‌ദാനം ചെയ്‌തു പ്രവര്‍ത്തിച്ചുരുന്ന ധനകാര്യ സ്ഥാപനം പൂട്ടി നടത്തിപ്പുകാർ മുങ്ങിയതായി പരാതി. ഇതു സംബന്ധിച്ചു നൂറോളം ഇടപാടുകാര്‍ കഴിഞ്ഞ ദിവസം ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. അതിനുശേഷം ധനകാര്യ സ്ഥാപന നടത്തിപ്പുകാരനും സ്റ്റേഷനിലെത്തി സ്ഥാപനം ഇന്നു തുറക്കുമെന്നും നിക്ഷേപകര്‍ക്കു സമയബന്ധിതമായി പണം തിരിച്ചു കൊടുക്കുമെന്നും അറിയിച്ചിരുന്നു.എന്നാൽ നടത്തിപ്പുകാരന്റെ വാഗ്ദാനം വന്‍ തട്ടിപ്പാണെന്നാണ് ഇടപാടുകാർ പറയുന്നത്. റോയല്‍ ട്രാവല്‍കൂര്‍ എന്ന പേരിലാണ് ഫാർമർ പ്രൊഡ്യൂസർ സ്ഥാപനം ഒരു വര്‍ഷം മുമ്പു ബദിയഡുക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. നിരവധി സ്‌ത്രീകള്‍ കളക്ഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നു. കൂലിപ്പണിക്കാര്‍, ചെറുകിട സ്വയം തൊഴില്‍ സംരംഭകര്‍ എന്നിവരെ സമീപിച്ചു വന്‍ വാഗ്‌ദാനം ചെയ്‌താണ് നിക്ഷേപ പദ്ധതിയില്‍ ചേര്‍ത്തതെന്നും പറയുന്നു. കോടിക്കണക്കിനു രൂപ ഇത്തരത്തില്‍ ബദിയഡുക്ക പരിസരത്തു നിന്നും നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.നിക്ഷേപത്തുക തിരിച്ചെടുക്കാന്‍ ഇടപാടുകാര്‍ എത്തിയതോടെയാണ് സ്ഥാപനം തുറക്കാതായതെന്നു പറയുന്നു. നടത്തിപ്പുകാരെ ഫോണ്‍ ചെയ്യുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് ഇടപാടുകാര്‍ പൊലീസിനെ സമീപിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ സ്വദേശികളാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരെന്നു പറയുന്നു. ഇവര്‍ക്കു മറ്റു പല സ്ഥലങ്ങളിലും നിക്ഷേപ ശേഖരണ സ്ഥാപനങ്ങളുണ്ടെന്നു ഇടപാടുകാര്‍ പറഞ്ഞു.

അന്ത്യമില്ലാത്ത നിക്ഷേപ തട്ടിപ്പ്, പറ്റിക്കപ്പെടാൻ മലയാളികളും