കുട്ടികളിലെ അമിതവണ്ണവും ആരോഗ്യ പ്രശ്നങ്ങളും ; അമിത വണ്ണം കുറക്കാൻ മാതാപിതാക്കൾക്ക് എങ്ങിനെ സഹായിക്കാൻ കഴിയും;തടി കുറക്കാനുള്ള വഴികൾ അറിയാം

അമിതവണ്ണ വിരുദ്ധ ദിനമായ നവംബർ 26-ന് കുട്ടികൾക്കിടയിലെ പൊണ്ണത്തടി സാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങു വഴികള്‍ എന്തൊക്കെ എന്ന് നോക്കാം; തടി കുറക്കാനുള്ള വഴികൾ അറിയാം

ലോകമെമ്പാടും, കഴിഞ്ഞ ദശകത്തിൽ പൊണ്ണത്തടി, ഹൃദയാഘാതം, പ്രമേഹം, ഫാറ്റി ലിവർ, എല്ല് സംബന്ധമായ രോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങളുടെ തോത് കൂടിയിട്ടുണ്ട്. ആശങ്കാജനകമായ കാര്യം എന്താണെന്നാല്‍, കുട്ടിക്കാലത്തെ പൊണ്ണത്തടി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ട് ഇന്ത്യയിലും പകർച്ചവ്യാധി എന്നോണം പടരുകയാണ്.

അമിതവണ്ണത്തിന് കാരണം വ്യക്തിയുടെ അനാരോഗ്യകരമായ ജീവിതശൈലി മാത്രമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ, ജനിതകശാസ്ത്രം, വാർദ്ധക്യം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, മരുന്നുകൾ, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങി വിവിധ കാരണങ്ങൾ കൊണ്ട്‌ പൊണ്ണത്തടി ഉണ്ടാകാം.

സമീപകാല കണക്കുകൾ പ്രകാരം കുട്ടികളിലെ പൊണ്ണത്തടി നിരക്കിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് ജീവിതശൈലിയിലും ഭക്ഷണ ശീലങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റത്തെയാണ് കാണിക്കുന്നത്. ഇന്ത്യൻ ആരോഗ്യ മന്ത്രാലയം നടത്തിയ ദേശീയ പഠനമനുസരിച്ച്, കുട്ടിക്കാലത്തെ അമിതവണ്ണത്തിന്റെ വ്യാപനം കഴിഞ്ഞ ദശകത്തിൽ 25% വർദ്ധിച്ചു.

സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗവും, ശാരീരിക പ്രവർത്തനങ്ങളിൽ ഊന്നൽ കുറയുന്നതും, ഇത് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും യുവതലമുറയുടെ ക്ഷേമത്തെ സാരമായി ബാധിച്ചു. അഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 15% പൊണ്ണത്തടിയുള്ളവരായി തരംതിരിക്കപ്പെട്ടിരിക്കുന്നുവെന്നും നഗരപ്രദേശങ്ങളിലാണ് ഇത് കൂടുതലെന്നും പഠനം സൂചിപ്പിക്കുന്നു.

ഇത് എങ്ങനെ പരിഹരിക്കാം? കുട്ടിക്കാലത്തെ അമിതവണ്ണ സാധ്യത കുറയ്ക്കുന്നതിനുള്ള വഴികൾ

സംസ്‌കരിച്ച ഭക്ഷണങ്ങൾ, ഉയർന്ന പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, പോഷകമൂല്യം ഇല്ലാത്ത ഭക്ഷണം എന്നിവ പരിമിതപ്പെടുത്തുക. മറുവശത്ത്, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കുക.

  • ദൈർഘ്യമേറിയ സ്‌ക്രീൻ സമയവും സുരക്ഷിതമായ കളിയിടങ്ങള്‍ ഇല്ലാത്തത് കാരണം നിഷ്‌ക്രിയമായ ജീവിതശൈലിയും പരിശോധിക്കണം.
  • സമ്മർദ്ദം, ഉറക്കക്കുറവ്, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളോടൊപ്പം അമിതവണ്ണത്തിനുള്ള ജനിതക കാരണങ്ങളും ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.
  • കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, ആരോഗ്യ പരിപാലകര്‍ എന്നിവർക്കിടയിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ചും ശാരീരികവും മാനസികവുമായ വ്യായാമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുക.
  • ആരോഗ്യകരമായ ഭക്ഷണത്തിന് മുൻഗണന നൽകാനും സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്താനും വേണ്ടി ഭക്ഷണം പാചകം ചെയ്യുമ്പോൾ കുട്ടികളെ ഉൾപ്പെടുത്തി അവരില്‍ അവബോധം വളര്‍ത്തുക.
  • സ്‌കൂൾ കാന്റീനുകളിൽ പോഷകസമൃദ്ധമായ ഭക്ഷണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ലഭ്യത പരിമിതപ്പെടുത്തുകയും ചെയ്യുക.

പോഷകങ്ങൾ അടങ്ങിയ ഭക്ഷണത്തിന് മുൻഗണന നൽകുന്നതിലൂടെയും മധുരം പരിമിതപ്പെടുത്തുന്നതിലൂടെയും സജീവമായ ഒരു ജീവിതശൈലി വളർത്തിയെടുക്കുന്നതിലൂടെയും ശാരീരികവും മാനസികവുമായ വ്യായാമങ്ങള്‍ ചെയുന്നത് ഉറപ്പുവരുത്തുന്നതിലൂടെയും മാതാപിതാക്കൾക്ക് കുട്ടികളിലെ അമിതവണ്ണത്തിന്റെ അപകടസാധ്യതകൾ ഗണ്യമായി ലഘൂകരിക്കാനാകും ഭാവിയിലെ ആരോഗ്യം മെച്ചപ്പെടുത്താനുമാകും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page