പാലക്കാട് : മണ്ണാര്‍കാട് ഉപജില്ല കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്. ആഹ്ലാദ പ്രകടനത്തിനിടെ സദസിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.സംഭവത്തില്‍ കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ മണ്ണാര്‍കാട് പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 10 മണിയോടെ മണ്ണാര്‍കാട് ഡി.എച്ച്.എസ്.എസിലാണ് സംഭവം നടന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെയും കല്ലടി സ്കൂളിലെയും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് അഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെ, എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകര്‍ അശ്രദ്ധമായി പടക്കം പൊട്ടിക്കുകയും ഇവ സദസില്‍ ചെന്ന് വീഴുകയുമായിരുന്നു.
ഇതോടെ, പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനങ്ങള്‍ നടത്തരുതെന്ന് ഡി.എച്ച്.എസ്.എസ് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത് വാക്കുതര്‍ക്കത്തിന് വഴിവെച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും വിഷയം ഏറ്റുപിടിച്ചതോടെ സംഘര്‍ഷമുണ്ടാവുകയും പൊലീസ് ലാത്തി വീശുകയുമായിരുന്നു. കല്ലേറില്‍ ഒരു അധ്യാപകനും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.








