കോഴിക്കോട് : മലാപറമ്പ് സിഗ്നല്‍ ജംഗ്ഷനില്‍ വെച്ച് ലോറിയില്‍ കടത്തുകയായിരുന്ന 42 കിലോ കഞ്ചാവ് പിടികൂടി. രണ്ട് കിലോ വീതമുള്ള കവറുകളിലാക്കി കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ലോറി ഡ്രൈവര്‍ നൊച്ചാട് കല്‍പത്തൂര്‍ കൂരാന്‍ തറമ്മല്‍ രാജേഷിനെ പിടികൂടി. വലിയ ടാർപോളിന്‍ ഷീറ്റിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ഇന്നലെ പകല്‍ പന്ത്രണ്ടരയോടെയാണ് കഞ്ചാവ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ലോറി തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍ റിമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെയും തൊണ്ടിമുതലും ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍മാരായ യു.പി മനോജ് കുമാര്‍, പി.കെ അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്ദീപ് എന്‍.എസ്, ജിത്തു പി.പി, വിപിന്‍ പി, മുഹമ്മദ് അബ്ദുല്‍ റഊഫ്, സാവിഷ്, ജിഷ്ണു പി.കെ, ഡ്രൈവര്‍ പ്രബീഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
