അൻപത്തി നാലാം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കമാകും; മലയാള സിനിമ ‘ആട്ടം’ പനോരമയിലെ ഉദ്ഘാടന ചിത്രം; വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്നത് 270 ചിത്രങ്ങൾ



ഗോവ:54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഗോവയില്‍ ഇന്ന് തുടക്കം. നവംബര്‍ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ വൈകീട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കും.മലയാള സിനിമ ‘ആട്ടം’ ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തില്‍ വിനയ് ഫോര്‍ട്ട് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ്. നാഗാഭരണ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്.

ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ള, കേന്ദ്ര വാര്‍ത്താ വിനിമയപ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍, സഹമന്ത്രി എല്‍. മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ പങ്കെടുക്കും. ‘സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം’ ഹോളിവുഡ് നടനും നിര്‍മാതാവുമായ മൈക്കിള്‍ ഡഗ്ലസിന് സമ്മാനിക്കും.

വിവിധ വിഭാഗങ്ങളിലായി 270ലേറെ ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്. സംവിധായകൻ ശേഖര്‍ കപൂറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്‍റെ ജൂറി ചെയര്‍മാൻ. മാധുരി ദീക്ഷിത്, വിജയ് സേതുപതി, പങ്കജ് ത്രിപാഠി, സണ്ണി ഡിയോള്‍, സാറാ അലിഖാൻ, ഷാഹിദ് കപൂര്‍, നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍, സംഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ഗായകരായ ശ്രേയാ ഘോഷാല്‍, സുഖ്‌വീന്ദര്‍ സിങ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

നാല്‍പ്പതിലേറെ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ വ്യത്യസ്ത വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ കണ്ടെത്താനായി യങ് ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ പദ്ധതിയുടെ 75 വിജയികളെ മേളയില്‍ പ്രഖ്യാപിക്കും. ആദ്യമായി ഏറ്റവും മികച്ച വെബ് സീരീസിനും പുരസ്കാരമുണ്ട്.

കാഴ്ച ശക്തിയും കേള്‍വി ശക്തിയും ഇല്ലാത്തവര്‍ക്ക് പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കും. മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും പുരസ്കാരമായി ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page