കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ തൂങ്ങി മരിച്ചു

മാനന്തവാടി : ക്ഷീരകര്‍ഷകനെ വീടിനു സമീപത്തുള്ള തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസ്‌ (ജോയി58) ആണ്‌ മരിച്ചത്‌.കടബാധ്യത കാരണമാണ്‌ മരണമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. കല്ലോടി ക്ഷീരസംഘത്തില്‍ പാലളക്കുന്ന തോമസിന്റെ മുപ്പതു ലിറ്ററോളം കറവയുള്ള പശു മാസങ്ങള്‍ക്കു മുമ്പ് ചത്തു പോയിരുന്നു. രണ്ടു പശുക്കള്‍കൂടി തോമസിനുണ്ട്‌. പശുക്കളെ വാങ്ങാനും മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനുമായി എടുത്ത വായ്‌പകള്‍ അടച്ചുതീര്‍ക്കാനുണ്ടെന്ന്‌ തോമസിന്റെ സഹോദരന്റെ മകന്‍ ജിനീഷ്‌ പറഞ്ഞു. കല്ലോടിയിലെ കേരള ഗ്രാമീണ്‍ ബാങ്ക്‌, മക്കിയാടുള്ള ബാങ്ക്‌ ഓഫ്‌ ബറോഡ ശാഖകളില്‍ നിന്നാണ്‌ വായ്‌പയെടുത്തത്‌. പലരില്‍ നിന്നും കൈവായ്‌പയും സ്വീകരിച്ചു. മറ്റുള്ളവരുടെ വായ്‌പയ്‌ക്ക്‌ ജാമ്യവും നിന്നിരുന്നു. മൊത്തം പത്തുലക്ഷത്തിലധികം രൂപയുടെ ബാധ്യതയുള്ളതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ലിസമ്മ. മക്കള്‍: സിജോ, സില്‍ജ. മരുമക്കള്‍: ശില്‌പ, ബിജു. മാനന്തവാടി പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തുന്ന മൃതദേഹം ഇന്നു പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും. ഉച്ചയ്‌ക്കു ശേഷം കല്ലോടി സെയ്‌ന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page