“കോൺഫറൻസിലാണ് അടിയന്തിരമായി അക്കൗണ്ടുകളിലേക്ക് പണം അയക്കുക”; എം.ഡിയുടെ പേരിൽ എത്തിയ വാട്സ് സന്ദേശം കണ്ട് പണം നൽകി ജീവനക്കാർ ; വൻ ഓൺലൈൻ തട്ടിപ്പ് സംഘത്തെ പിടികൂടി പൊലീസ്

കോട്ടയം: പാലായിലെ പ്രമുഖ വ്യാപാര സ്‌ഥാപനത്തില്‍നിന്ന്‌ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഉത്തര്‍പ്രദേശ്‌ (യു.പി) സ്വദേശികളായ അഞ്ചു പേര്‍ അറസ്‌റ്റില്‍.ഔറാദത്ത്‌ സന്ത്‌കബിര്‍ നഗര്‍ സ്വദേശികളായ സങ്കം (19), ദീപക്‌ (23), അമര്‍നാഥ്‌ (19), അമിത്‌ (21), അതീഷ്‌ (20) എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്‌.
കഴിഞ്ഞ ജനുവരി 31-നായിരുന്നു ഇവര്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തത്‌. സ്‌ഥാപനത്തിന്റെ എം.ഡിയുടെ വാട്‌സ്‌ആപ്പ്‌ മുഖചിത്രം ഉപയോഗിച്ച്‌, വ്യാജ വാട്‌സ്‌ആപ്പ്‌ മുഖാന്തിരം മാനേജരുടെ ഫോണിലേക്കു സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്‌.
താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ്‌ ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക്‌ ഉടന്‍തന്നെ പണം അയയ്‌ക്കണമെന്നുമായിരുന്നു സന്ദേശം. കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തിരികെ വിളിക്കരുെതന്നും പറഞ്ഞിരുന്നു. ഇതു പ്രകാരം സ്‌ഥാപനത്തില്‍നിന്ന്‌ 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക്‌ അയച്ചു. തട്ടിപ്പു മനസിലായ സ്‌ഥാപന ഉടമ പാലാ പോലീസില്‍ പരാതി നല്‍കുകയും പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇതര സംസ്‌ഥാനത്തുള്ളവരാണെന്നു കണ്ടെത്തുകയും ചെയ്‌തു. പാലാ ഡിവൈ.എസ്‌.പി: എ.ജെ. തോമസ്‌, എസ്‌.എച്ച്‌.ഒ: കെ.പി. ടോംസണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്‌ അന്വേഷിച്ചുവരികയാണെന്നു പോലീസ്‌ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page