പുത്തൂര്‍: 2000 രൂപയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രമുഖ പുലിക്കളി കലാകാരനെ വിളിച്ചുകൊണ്ടുപോയി വെട്ടി കൊന്ന സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍. പുത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് എസ് സി യൂണിറ്റ് പ്രസിഡണ്ട് കേശവ, ചേതന്‍, മനീഷ്, മഞ്‌ജുനാഥ് എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്‌തത്. പുത്തൂര്‍ വിവേകാനന്ദ കോളേജിനു സമീപത്തെ ചന്ദ്രശേഖരയുടെ മകനും പ്രമുഖ പുലിക്കളി സംഘമായ കല്ലേഗ ടൈഗേര്‍സ് ഉടമയുമായ അക്ഷയ് (24) ആണ് വെട്ടേറ്റു മരിച്ചത്. മിനിഞ്ഞാന്നു രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്നു വൈകുന്നേരം നടന്ന ഒരു അപകടവുമായി ബന്ധപ്പെട്ട് 2000 രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു സംശയിക്കുന്നു. അന്നു രാത്രി അക്ഷയിയെ നെഹ്‌റു നഗറിലേയ്‌ക്ക് വിളിച്ചു കൊണ്ടുപോയ ശേഷം ആക്രമിക്കുകയായിരുന്നു. ഇതോടെ സ്ഥലത്തു നിന്നു വിവേകാനന്ദ കോളേജ് റോഡിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്ഷയിയെ പിന്‍തുടര്‍ന്നു വെട്ടിക്കൊല്ലുകയായിരുന്നു. അക്ഷയിയുടെ മൃതദേഹത്തില്‍ 58 വെട്ടുകള്‍ കണ്ടെത്തി. 2000 രൂപയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇത്രയും ക്രൂരമായ കൊലപാതകത്തിനു ഇടയാക്കിയതിന്റെ പൊരുളറിയാത്ത സങ്കടത്തിലാണ് നാടും നാട്ടുകാരും.