കൊച്ചി: ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അഫ്താഖ് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ.സോമനാണ് പ്രതികുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം,ബലാൽസംഗം അടക്കം 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി.പ്രതിക്കുള്ള ശിക്ഷ ഈ മാസം 9 ന് വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിക്കമെന്ന് പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സമാനതകളില്ലാത്ത ക്രൂരകൃത്യമാണ് പ്രതിയിൽ നിന്നുണ്ടായതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.ക്രൂരകൃത്യം നടന്ന് നൂറ് ദിവസം പൂർത്തിയാകുമ്പോഴാണ് കേസിൽ വിധി വരുന്നത്.റെക്കോർഡ് വേഗതയിൽ വിചാരണാ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു.ഇതര സംസ്ഥാന തൊഴിലാളികളുടെ 5 വയസ്സുകാരിയായ മകളെ മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മദ്യം നൽകി പീഡിപ്പിച്ച് ശേഷം കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് മൃതശരീരത്തെ കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി ചാക്കിൽ കെട്ടി ആലുവ മാർക്കറ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
