കോഴിക്കോട്: സി.പി.എം ഈ മാസം 11ന് കോഴിക്കോട്ട് നടത്തുന്ന പാലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി മുസ്ലീംലീഗില്‍ ആശയകുഴപ്പവും ഭിന്നതയും രൂക്ഷം. റാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി മുസ്ലീംലീഗ് നേതൃയോഗം നാളെ കോഴിക്കോട്ട് ചേരും. പാലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേയ്‌ക്ക് സിപിഎം ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന ഇ.ടി.മുഹമ്മദിന്റെ വെളിപ്പെടുത്തലാണ് ലീഗിനകത്തു ആശയകുഴപ്പത്തിനു ഇടയാക്കിയത്. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും വി.ടി.ബല്‍റാമും ലീഗ് നേതൃത്വത്തെ കടുത്ത അതൃപ്‌തി അറിയിച്ചു. സി.പി.എമ്മിന്റെ റാലിയില്‍ ലീഗ് പങ്കെടുത്താല്‍ അത് യു.ഡി.എഫിന്റ അടിത്തറയെ തന്നെ ശിഥിലമാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് സംസ്ഥാന പ്രസിഡണ്ടിനെ അറിയിച്ചത്.
ഇന്നു രാവിലെ മാധ്യമ പ്രവര്‍ത്തകരെ കണ്ട എം.കെ.മുനീര്‍, സിപിഎം റാലിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തോടെയാണ് ലീഗിനു അകത്തെ ആശയക്കുഴപ്പം മറനീക്കി പുറത്തു വന്നത്. റാലിയില്‍ പങ്കെടുക്കണമോയെന്ന് മുസ്ലീംലീഗാണ് തീരുമാനിക്കേണ്ടത്. പങ്കെടുക്കണമെന്നു തീരുമാനിച്ചാല്‍ അത് യു.ഡി.എഫില്‍ നിന്നു പുറത്തു പോകുന്നുവെന്നല്ല അര്‍ത്ഥം. ഏക സിവില്‍കോടിന്റെ കാലത്തെ രാഷ്‌ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്.-എം.കെ മുനീര്‍ പറഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രതികരണത്തിനെതിരെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തോട് കടുത്ത ഭാഷയിലാണ് മുനീര്‍ പ്രതികരിച്ചത്. കെ.സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് മുനീര്‍ പറഞ്ഞു. റാലിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച കാര്യത്തില്‍ ആശയകുഴപ്പം തുടരുന്നതിനിടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഇന്നു രാവിലെ പാണക്കാട്ടെത്തി. പ്രസിഡണ്ട് സാദിഖ് അലി തങ്ങളുമായി കൂടികാഴ്‌ച നടത്തി. അതിനുശേഷമാണ് റാലിയില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനു നാളെ യോഗം ചേരുന്ന കാര്യം വ്യക്തമാക്കിയത്. പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും സ്ഥലത്തില്ല. അവര്‍ ഇന്നു വൈകുന്നേരത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ കോഴിക്കോട് ലീഗ് ഓഫീസില്‍ യോഗം ചേര്‍ന്നശേഷം പാര്‍ട്ടി നിലപാട് കൈക്കൊള്ളുമെന്നു പി.എം.എ. സലാം പറഞ്ഞു. അതേസമയം ഇ.ടി.മുഹമ്മദ് ബഷീറിന്റെ നിലപാട് കേരള രാഷ്‌ട്രീയത്തില്‍ ദൂര വ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു. മുസ്ലീംലീഗ് യു.ഡി.എഫിലെ കീറ സഞ്ചിയല്ല. കോണ്‍ഗ്രസിന്റെ തെറ്റായ ധാരണകള്‍ ലീഗ് തിരിച്ചറിഞ്ഞു-എ.കെ.ബാലന്‍ കൂട്ടിച്ചേര്‍ത്തു.
