കളമശ്ശേരി സ്ഫോടനം; പ്രതിയുമായി തെളിവെടുപ്പ്‌ തുടങ്ങി;അന്വേഷണം എന്‍.ഐ.എയ്‌ക്ക്‌ വിട്ടേക്കും



കൊച്ചി:മൂന്നുപേരുടെ മരണത്തിനും 17 പേരുടെ പരിക്കിനും ഇടയാക്കിയ കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക്ക്‌ മാര്‍ട്ടിനുമായി പൊലീസ്‌ തെളിവെടുപ്പ്‌ തുടങ്ങി. ഇന്നു രാവിലെ അത്താണിയിലുള്ള കുടുംബ വീട്ടില്‍ നിന്നാണ്‌ തെളിവെടുപ്പ്‌ ആരംഭിച്ചത്‌. ദേശീയപാതയോട്‌ തൊട്ടുചേര്‍ന്ന ഗ്രൗണ്ടിനോട്‌ ചേര്‍ന്നുള്ള ഇരുനില വീട്ടിലാണ്‌ പൊലീസ്‌ പ്രതിയുമായി തെളിവെടുപ്പ്‌ ആരംഭിച്ചത്‌. ബോംബു നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങള്‍ ഇവിടെയാണ്‌ സൂക്ഷിച്ചിരുന്നതെന്നാണ്‌ പ്രതി മൊഴി നല്‍കിയിരുന്നത്‌.
അത്താണിയിലെ വീട്ടിലെ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കിയശേഷം സ്‌ഫോടനം നടന്ന കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിച്ചും തെളിവെടുക്കും. അതിനുശേഷം പ്രതിയുടെ തമ്മനത്തെ വീട്ടില്‍ തെളിവെടുപ്പ്‌ നടത്തും. കൊച്ചി ഡിസിപി എസ്‌.ശശിധരന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ പ്രതിയുമായി തെളിവെടുപ്പ്‌ നടത്തുന്നത്‌. തുടർന്നായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക.
അതേസമയം രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനത്തിന്റെ ഞെട്ടലും ദൂരൂഹതയും ഇനിയും നീങ്ങിയിട്ടില്ല. മാര്‍ട്ടിന്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ സ്‌ഫോടനം നടത്താന്‍ കഴിയുമോയെന്നതാണ്‌ പ്രധാന ദുരൂഹത. ഇയാള്‍ക്കു വിദേശബന്ധം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കേസിന്റെ തുടര്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തേക്കുമോയെന്ന അഭ്യൂഹം ശക്തമാണ്‌. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതായാണ്‌ സൂചന. വിദേശബന്ധം ഉണ്ടെന്ന സംശയം ദുരീകരിക്കണമെങ്കില്‍ കേരള പൊലീസിനു കഴിയില്ല. അതിനാലാണ്‌ സഫോടന കേസ്‌ അന്വേഷണം എന്‍.ഐ.എയ്‌ക്ക്‌ കൈമാറിയേക്കുമെന്ന അഭ്യൂഹം ശക്തമായത്‌.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page