കാസര്‍കോട്; അസംബ്ലിയില്‍ വച്ച് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി വിശദീകരണം തേടി. കേരളത്തിന്റെ രാഷ്‌ട്രീയ-സാംസ്‌ക്കാരിക അന്തരീക്ഷത്തിനു യോജിക്കാത്ത നടപടിയാണെന്നു പ്രതികരിച്ചു കൊണ്ടാണ് മന്ത്രി വിദ്യാഭ്യാസ ഡയറക്‌ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.അതിനിടെ അന്വേഷണ വിധേയമായി സ്കൂൾ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു.ഈ മാസം 19ന് ആണ് കേസിനാസ്‌പദമായ സംഭവം. ചിറ്റാരിക്കാല്‍, കോട്ടമല, എം.ജി.എം.എ.യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക ഷേര്‍ളി (55)ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം, ബാലാവകാശ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എം.എസ്.എസ് ഡിവൈ.എസ്.പി എ.സതീഷ് കുമാര്‍ ആണ് കേസ് അന്വേഷിക്കുന്നത്. നീട്ടിവളര്‍ത്തിയ മുടി അധ്യാപകര്‍ വിദ്യാര്‍ത്ഥിയോട് മുറിച്ചു മാറ്റണമെന്നു ആവശ്യപ്പെട്ടിരുന്നുവെന്ന് പറയുന്നു. എന്നാല്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി ഇതിനു തയ്യാറായില്ല. ഇതേ തുടര്‍ന്ന് 19ന് ചേര്‍ന്ന സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് പ്രധാന അധ്യാപിക വിദ്യാര്‍ത്ഥിയുടെ മുടി വെട്ടിമാറ്റിയെന്നാണ് കേസ്. സംഭവത്തിനുശേഷം കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. കഴിഞ്ഞ ദിവസം ജില്ലാ മഹിളാ സമഖ്യ സൊസൈറ്റി ഭാരവാഹികള്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ കോളനി സന്ദര്‍ശിച്ചപ്പോഴാണ് മുടി മുറിച്ച സംഭവവും. ഇതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോകാത്ത സംഭവവും പുറം ലോകം അറിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ പൊലീസ് സംഘം മുറിച്ചുമാറ്റിയ മുടി മാലിന്യ കുഴിയില്‍ നിന്നു കണ്ടെടുത്തു. മുടി പരാതിക്കാരനായ കുട്ടിയുടേതാണോ എന്നു സ്ഥിരീകരിക്കുന്നതിനായി രാസപരിശോധനയ്‌ക്കയക്കും.
