കെയ്റോ: പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈജിപ്തിലെ കെയ്‌റോവിൽ നടന്ന അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് പലസ്തീൻ പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിനിടെ സമാധാന ശ്രമവുമായാണ് ഈജിപ്തിലെ കെയ്‌റോവിൽ അറബ് ഉച്ചകോടി നടന്നത്.ഇസ്രയേൽ നടപടിയിൽ അറബ് രാജ്യങ്ങൾ അപലപിച്ചു. എന്നാൽ ഉച്ചകോടിയിൽ നിന്ന് വിട്ട് നിൽക്കുകയാണ് അമേരിക്ക ചെയ്തത്. ഇതോടെ സംയുക്ത പ്രസ്താവന ഇല്ലാതെ ഉച്ചകോടി പിരിഞ്ഞു.
ഖത്തർ , യു എ ഇ , സൗദി അറേബ്യ , ബഹ്റൈൻ , കുവൈത്ത് , ജോർദാൻ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തിൽ ഒത്തു ചേർന്നത്. ഇവർക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറൽ സെക്രട്ടറിയും ജപ്പാൻ , ജർമനി , തുർക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീൻ്റെയും പ്രതിനിധികൾ ഉച്ചക്കോടിയിൽ പങ്കെടുത്തു.അറബ് ലീഗ് സെക്രട്ടറി ജനറൽ അടക്കമുള്ളവരും കെയ്റോയിൽ ചേരുന്ന ഉച്ചകോടിയിൽ പങ്കെടുത്തു.
അതേസമയം ഗാസയിൽ ഇപ്പോഴും ഇസ്രയേലിന്റെ ക്രൂരത തുടരുകയാണ്. ആക്രമണം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കുകയും, ഒഴിഞ്ഞു പോകാൻ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഗാസയിലേക്ക് സഹായവുമായി കൂടുതൽ ട്രക്കുകൾ ഇന്നെത്തും.
