നീലേശ്വരത്ത് അമ്മയെ പലകകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ;പ്രകോപനം അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തത്; ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അമ്മ ചികിത്സയിൽ
കാസർകോട്: അമ്മയെ പലകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ.നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മണിയെ (57)യാണ് മകൻ സുജിത്ത് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇന്നു പുലർച്ചെ 3 മണിയോടെയാണ് സംഭവം. തുടർച്ചയായി ഫോൺ ചെയ്തത് ചോദിച്ചപ്പോഴാണ് തലക്കടിച്ച് വീഴ്ത്തിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രുഗ്മണി അതിവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ മകൻ സുജിത്ത് പൊലീസ് കസ്റ്റഡിയിലാണ്. രുഗ്മണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ സുജിത്ത് രുഗ്മണിയെ അക്രമിക്കുന്നതാണ് കണ്ടത്.തടയാൻ ശ്രമിച്ച അയല്‍വാസികളെ ഇയാൾ വീട്ടിനകത്തേക്ക് കയറാൻ സമ്മതിച്ചില്ല. തുടര്‍ന്ന് നാട്ടുകാർ നീലേശ്വരം പോലീസിനെ വിവരം അറിയിച്ചു. നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദനും എസ്‌ഐ ടി.വിശാഖും സംഘവും സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് രുഗ്മിണിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ചതിനുശേഷവും സുജിത്ത് അക്രമാസക്തനായി. തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ച രുഗ്മിണിയുടെ നില ഗുരുതരമായതിനാലാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മകനെതിരെ വിവിധ വകുപ്പുകളനുസരിച്ച് കേസ്സെടുത്തതായി പൊലീസ് അറിയിച്ചു.