റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചു; പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഹോസ്ദുര്‍ഗ് പൊലീസ്
കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഹോസ്ദുര്‍ഗ് പൊലീസ്. മൊഗ്രാല്‍ കൊപ്പളം സ്വദേശി ഹസീന മന്‍സിലിലെ മുഹമ്മദ് അന്‍സാര്‍(57) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ടാണ് മംഗളൂരു കോളജില്‍ പഠിക്കുന്ന അഷ്മില്‍ റഹ്‌മത്തുള്ള എന്ന വിദ്യാര്‍ത്ഥിയുടെ സ്‌കൂട്ടര്‍ മോഷണം പോയത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടാണ് വിദ്യാര്‍ഥി പഠനത്തിന് പോയത്. പരാതിയുമായി ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പൊലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്തു എത്തി റെയില്‍വേ സ്റ്റേഷനിലും പരിസരത്തുമുള്ള മുഴുവന്‍ സിസിടിവികളും രാത്രി ഒരുമണി വരെ പരിശോധിച്ചു. സിസി.ടിവിയില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ മോഷണം പോയ സ്‌കൂട്ടര്‍ കോട്ടച്ചേരി ജംഗ്ഷന്‍ വഴി അതിഞ്ഞാല്‍ തെക്കേപ്പുറം വരെ തള്ളി കൊണ്ടുപോകുന്നതു കണ്ടു. ദൃശ്യങ്ങള്‍ ഉടന്‍ തന്നെ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചു. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ അതിഞ്ഞാലിലെ വര്‍ക്ക് ഷോപ്പില്‍ എത്തിയതായി വിവരം ലഭിച്ചു. ലോക്ക് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് പ്രതി വര്‍ക്ക്‌ഷോപ്പിലെത്തിയത്. പൊലിസ് അവിടെയത്തുമ്പോഴേക്കും മോഷ്ടാവ് സ്‌കൂട്ടറുമായി സ്ഥലം വിട്ടിരുന്നു. പ്രതിയെ പിന്നീട് മൊഗ്രാലില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ സൈഫുദ്ദിന്‍, സിപിഒ മാരായ രമേശന്‍, അജിത്, സംജിത് എന്നിവരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു.