പായസ മിക്സ് എന്ന വ്യാജേന സ്വർണ്ണം കടത്ത് ; മംഗളൂരു വിമാനത്താവളത്തിൽ യാത്രികൻ പിടിയിൽ
മംഗളൂരു:മംഗളൂരു വിമാനത്താവളത്തിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ മിശ്രിതം കസ്റ്റംസ് പിടികൂടി. പായസ മിക്സ് എന്ന വ്യാജേന കിച്ചൻ ട്രഷേഴ്സ് ബ്രാൻഡിലുള്ള പാക്കറ്റിൽ ആണ് പൊടി രൂപത്തിലുള്ള സ്വർണ്ണ മിശ്രിതം കടത്തിയത്.വെളുത്ത നിറത്തിലുള്ള പൊടി രൂപത്തിൽ 5 പാക്കറ്റുകളിലായിരുന്നു സ്വർണ്ണ മിശ്രിതം. ദുബായിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിലെത്തിയ യാത്രികൻ്റെ ചെക്ക് ഇൻ ബാഗേജിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. സംശയം തോന്നി എയർ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സ്വർണ്ണം കടത്തിയ ഭട്ക്കൽ സ്വദേശി അൽത്താഫ് ഹുസൈൻ മുല്ല (54) യെ കസ്റ്റഡിയിൽ എടുത്തു. പൊടി രൂപത്തിൽ കൊണ്ട് വന്ന മിശ്രിതത്തിൽ നിന്നും347 ഗ്രാം സ്വർണ്ണം വേർതിരിച്ച് എടുത്തതായി കസ്റ്റംസ് അറിയിച്ചു.