കാസര്‍കോട്: വ്യാജ രേഖകള്‍ നല്‍കി കെഎസ്എഫ്ഇ യിൽ നിന്നും വൻ തുക വായ്പ എടുത്ത കേസില്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റിൽ. കാഞ്ഞങ്ങാട് ചിത്താരി വി.പി.റോഡിലെ കെവി ഹൗസില്‍ എം.ഇസ്മായിലിനെ (37) യാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.കെ.എസ്.എഫ്. ഇ മാലക്കല്ല് ബ്രാഞ്ചില്‍ നിന്ന് 70 ലക്ഷം രൂപയുടെ വായ്പയാണ് വ്യാജ രേഖ നൽകി എടുത്തത്.കേസില്‍ ഇസ്മായില്‍ ഉള്‍പ്പെടെ 8 പ്രതികളാണുള്ളത്. പ്രതിയുടെയും സുഹൃത്തുക്കളുടെയും പേരില്‍ കെഎസ്എഫ്ഇ യിലുള്ള ചിട്ടിയില്‍ നിന്ന് വായ്പ എടുക്കാൻ നൽകിയ ഭൂമിയുടെ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി. പ്രതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി കാണിച്ച ഉപ്പള വില്ലേജിലെ 5 ഏക്കര്‍ സ്ഥലത്തിന്റെ രേഖകളും, അനുബന്ധ റവന്യു രേഖകളും, വില്ലേജ് ഓഫിസറുടെ ഡിജിറ്റല്‍ ഒപ്പും അടക്കം എല്ലാ രേഖകളും വ്യാജമായിരുന്നു. ഈ രേഖകൾ ഈടായി നല്‍കിയാണ് വിവിധ ചിട്ടികളില്‍ പ്രതികള്‍ 70 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് രേഖകള്‍ വ്യാജമാണെന്ന് മനസ്സിലായതെന്ന് കെഎസ്എ ഫ് മാനേജര്‍ നല്‍കിയ പരാതി യില്‍ പറയുന്നു. ഇസ്മായിലിനെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
