കന്നഡ നടൻ നാഗഭൂഷണയുടെ കാര്‍ ദമ്പതികളെ ഇടിച്ചു. ഭാര്യക്ക് ദാരുണാന്ത്യം
ബംഗളൂരു: കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാര്‍ ദമ്പതികളെ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ശനിയാഴ്ച രാത്രി ബെംഗളൂരുവിലാണ് സംഭവം. പരിക്കേറ്റ സ്ത്രീയുടെ ഭർത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രേമ (48) ആണ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചത്. കൃഷ്ണ (58) എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റത്.രണ്ട് കാലുകൾക്കും തലയ്ക്കും വയറിനും പരിക്കേറ്റിട്ടുണ്ട്.
രാത്രി 9:45 ന് വസന്തപുര മെയിൻ റോഡിൽ ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന ദമ്പതികളെ നാഗഭൂഷണയുടെ കാർ ഇടിക്കുകയായിരുന്നു. ദമ്പതികളെ ഇടിച്ച കാർ ശേഷം വൈദ്യുത തൂണിൽ ഇടിച്ചു. അപകട ശേഷം നാഗഭൂഷണ തന്നെയാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ബെംഗളൂരുവിലെ കുമാരസ്വാമി ട്രാഫിക് പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചിരുന്നതായും പരാതിയിൽ പൊലീസ് പറയുന്നു. എങ്കിലും താരത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്. മദ്യ ലഹരിയില്‍ ആയിരുന്നോ എന്ന പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ രക്ത സാമ്പിൾ ലാബില്‍ അയച്ചിട്ടുണ്ട്. ബ്രീത്ത് അനലൈസർ ഉപകരണം ഉപയോഗിച്ചുള്ള പൊലീസിന്റെ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല എന്ന് ഡിസിപി ട്രാഫിക് സൗത്ത് ശിവപ്രകാശ് ഡി അറിയിച്ചു.