വീട്ടമ്മയെയും മകനെയും തോക്ക് ചൂണ്ടി കെട്ടിയിട്ട് കവർച്ച ചെയ്ത സംഘം പിടിയിൽ; കർണാടക പൊലീസ് പിടികൂടിയത് കാസർകോട് സ്വദേശികളടക്കം 6 പേരെ ; മുഖ്യ പ്രതിക്കായി തിരച്ചിൽ

കാസർകോട്: വീട്ടമ്മയെയും മകനെയും തോക്ക് ചൂണ്ടി കെട്ടിയിട്ട് കവർച്ച നടത്തിയ സംഘത്തിലെ 6 പേർ കർണാടക പൊലീസിൻ്റെ പിടിയിലായി.കാസർകോട് സ്വദേശികളാണ് പിടിയിലായത്. 15 കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട്‌, പടന്നക്കാട്‌, കണ്ടത്തില്‍ ഹൗസില്‍ കെ.വി.സനല്‍ (34), മഞ്ചേശ്വരം, പൈവളിഗെ മഞ്ചല്‍ത്തോടിയിലെ കിരണ്‍ (29), ഷേണി, ഹൊസഗദ്ദയിലെ വസന്തന്‍ (31), സീതാംഗോളി, രാജീവ്‌ഗാന്ധി കോളനിയിലെ മുഹമ്മദ്‌ ഫൈസല്‍ (37), അബ്‌ദുല്‍ നിസാര്‍ (21), ബണ്ട്വാളിലെ സുധീര്‍ മണിയാണി (38) എന്നിവരാണ്‌ അറസ്റ്റിലായത്‌.പിടിയിലായ ആറുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.മംഗളൂരു താലൂക്കിൽ വരുന്ന പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പച്ചമ്പള രവി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.ജയിലിൽ നിന്നും പരോളിൽ ഇറങ്ങിയതാണ് ഇയാൾ.കഴിഞ്ഞ ദിവസം കര്‍ണ്ണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം സീതാംഗോളി ബാഡൂരില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഒരു യുവാവിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ്‌ പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്‌. തുടർന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതികളെ പിടികൂടിയത്.ഈ മാസം മാസം ആദ്യ വാരത്തിലാണ്‌ ബദിയഡുക്ക, നാരമ്പാടിയിലെ കസ്‌തൂരി റൈ, കര്‍ണ്ണാടക, സുള്ള്യപദവ്‌  പുതുക്കാടി തോട്ടതുമൂലയിലെ താമസക്കാരനുമായ മകന്‍ ഗുരുപ്രസാദ്‌ റൈ എന്നിവര്‍ ആക്രമിക്കപ്പെട്ടത്‌. പാതിരാത്രിയില്‍ മുഖംമൂടി ധരിച്ചെത്തിയ ശേഷമാണ്‌ അക്രമം നടത്തിയത്‌. കമ്പിപ്പാര ഉപയോഗിച്ച്‌ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത്‌ അകത്തു കടന്ന സംഘം കസ്‌തൂരിറൈയെയും മകനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിട്ടു. അലമാരയുടെ താക്കോല്‍ കൈക്കലാക്കി 15 പവന്‍ സ്വര്‍ണ്ണം, അരലക്ഷത്തോളം രൂപ, ടോര്‍ച്ച്‌, ബൈക്കിന്റെ താക്കോല്‍ എന്നിവ കൈക്കലാക്കി പുലര്‍ച്ചെയോടെയാണ്‌ സംഘം മടങ്ങിയത്‌. ഗുരുപ്രസാദ്‌ റൈയുടെ മൊബൈല്‍ ഫോൺ കൊള്ളസംഘം വെള്ളത്തില്‍ ഇടുകയും ചെയ്‌തിരുന്നു. നേരം പുലര്‍ന്നതിനു ശേഷമാണ്‌ സംഭവം പുറം ലോകം അറിഞ്ഞത്‌.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page