കാസർകോട്: തൃക്കരിപ്പൂരിലെ വെൽഡിങ് തൊഴിലാളി പരത്തിച്ചാലിലെ എ വി. ബാലകൃഷ്ണൻ വീട്ടിൽ രക്തം വാർന്നു മരിച്ച സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശി സി.കെ.രജീഷിനെ(36)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച ബാലകൃഷ്ണന്റെ സുഹൃത്തിന്റെയും ബന്ധുക്കളുടെയും മൊഴിയും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ചന്തേര സി ഐ മനുരാജ്, എസ് ഐ എം വി ശ്രീദാസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നും എന്നും പൊലീസ് പറയുന്നു. ബാലകൃഷ്ണന്റെ വീട്ടിൽനിന്ന് 1,36,000 രൂപ കണ്ടെത്തിയിട്ടുണ്ട്. തലയുടെ പിൻഭാഗത്തെ മുറിവിൽനിന്നു രക്തംവാർന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്ക് അടിയേറ്റെന്ന് ബാലകൃഷ്ണൻ തന്നെ തിങ്കളാഴ്ച രാത്രി സൂഹൃത്തിനെ വിളിച്ചു പറഞ്ഞതാണ് മരണകാരണം സംബന്ധിച്ച സംശയത്തിനു കാരണമായത്. ചില പ്രശ്നങ്ങളുടെ പേരിൽ ബാലകൃഷനും രജീഷുമായി വർഷങ്ങളായി തർക്കമുണ്ടെന്നു പൊലീസിന് വ്യക്തമായിരുന്നു.