കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് അറസ്റ്റിലായ പിടിച്ചു പറി സംഘം തട്ടിയെടുത്ത 16 പവന്റെ സ്വർണാഭരണങ്ങളും പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. റിമാൻഡിൽ കഴിയുന്ന പ്രതികളായ കോട്ടിക്കുളം വെടിത്തറക്കാല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്‌സിലെ എം.കെ മുഹമ്മദ് ഇജാസ്(24), പനയാല്‍ പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്റാഹിം ബാദുഷ(24) എന്നിവരെ ഒരു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽവിട്ടു കൊടുത്തതോട് കൂടിയാണ് ഇവ കണ്ടെത്തിയത്.മടിക്കൈ ചതുരക്കിണറിലെ കടയിലെത്തി കുപ്പിവെള്ളം ചോദിച്ച ശേഷം ഉടമ ബേബിയുടെ മാല പൊട്ടിച്ചതടക്കമുള്ള കേസിലെ പ്രതികളെയാണ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്.
പെരിയാട്ടടുക്കത്തു നിന്നാണ് സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. ഇവ പ്രതികൾ വിൽപ്പന നടത്തിയ സ്ഥലത്ത് നിന്നുമാണ് കണ്ടെടുത്തത്.ബേബിയുടെ സ്വർണമാല തട്ടിയെടുക്കുമ്പോൾ പ്രതികൾ ഉപയോഗിച്ച വസ്ത്രവും കണ്ടെടുത്തു. പെരിയാട്ടടുക്കത്തെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് വസ്ത്രം കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാൻ വേണ്ടി വസ്ത്രം മാറ്റി ഇവിടെ ഉപേക്ഷിച്ചതെന്ന് പൊലിസ് പറഞ്ഞു.കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.ഈമാസം10ന് രാവിലെയാണ് മാല തട്ടിപ്പറിച്ച സംഭവം. .മാല പൊട്ടിക്കുന്നതിനിടെ പിടിവലിയിൽ മാലയുടെ ഒരു കഷണം ബേബിക്ക് കിട്ടിയിരുന്നു.വിവരം ഉടൻ പൊലിസിനെ അറിയിച്ചതോടെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളെ ബേഡകം സ്റ്റേഷന്‍ പരിധിയില്‍ കരുവിഞ്ചിയം, ബന്തടുക്ക പടുപ്പ്,ചേരിപ്പാടി നാഗത്തിങ്കാൽ എന്നിവിടങ്ങളിൽ മാല പൊട്ടിച്ച കേസിനും തുമ്പായി. ഹോസ്ദുർഗ് എസ്.ഐ കെ.രാജീവന്‍റെ നേതൃത്വത്തിലാണ് പ്രതികൾ സൂക്ഷിച്ച വസ്ത്രങ്ങളും സ്വർണാഭരണങ്ങളും കണ്ടെടുത്തത്. വസ്ത്രങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു. ഒരു താലി മാത്രമാണ് ഇനി കണ്ടെടുക്കാനുള്ളത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു. പൊലീസ് കണ്ടെടുത്ത കൃത്യം നടത്തുന്ന സമയം പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ മുഖ്യ സാക്ഷി ഉൾപ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്.