കാസര്‍കോട്: എസ് ബി ഐ കാസര്‍കോട് ശാഖയില്‍ നിന്നു റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) തിരുവനന്തപുരം ഡിവിഷനിലെ ശാഖയിലേയ്‌ക്ക് അയച്ച നോട്ടു കെട്ടുകളില്‍ കള്ള നോട്ടുകള്‍ കണ്ടെത്തിയ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു വിട്ടു.കാസര്‍കോട് നിന്നയച്ച നോട്ടുകെട്ടുകളില്‍ അഞ്ഞൂറ് രൂപയുടെ അഞ്ചു കള്ളനോട്ടുകളാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ആര്‍ ബി ഐ അധികൃതര്‍ നല്‍കിയ പരാതിയിന്മേല്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്. അന്വേഷണത്തില്‍ കള്ള നോട്ടുകള്‍ കടന്നു കൂടിയത് കാസര്‍കോട് ശാഖയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് കേസ് കാസര്‍കോട് ടൗണ്‍ പൊലീസിനു കൈമാറിയത്. അന്വേഷണം ഏറ്റെടുത്ത കാസര്‍കോട് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നു മൊഴിയെടുത്തു. എന്നാല്‍ കള്ളനോട്ടുകള്‍ കടന്നു കൂടിയതിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറികൊണ്ട് ഉത്തരവായത്.