മുഖ്യമന്ത്രിക്കു പറക്കാന്‍ ഹെലികോപ്‌റ്റർ എത്തി; കന്നിയാത്ര കാസര്‍കോട്ടേക്ക്; 20 മണിക്കൂര്‍ പറക്കാന്‍ വാടക 80 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രയ്‌ക്കും പൊലീസിന്റെ ആവശ്യങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്‌റ്റര്‍ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനയ്‌ക്കായി കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹെലികോപ്‌റ്റർ തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ ഇറങ്ങിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സൻ ഏവിയേഷന്‍ കമ്പനിയുടേതാണ് ഹെലികോപ്‌റ്റര്‍.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പ്രതിമാസം 80 ലക്ഷം രൂപ വാടക നല്‍കി ഹെലികോപ്‌റ്റര്‍ വാടകക്കെടുത്തിരിക്കുന്നത്. ഓരോ മാസവും 20 മണിക്കൂര്‍ പറക്കാം. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതാണ് ഹെലികോപ്‌റ്റര്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഹെലികോപ്‌റ്റര്‍ വാടകയ്‌ക്കെടുത്തിരുന്നു. എന്നാല്‍ കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ലെന്നു ആരോപണം ഉയര്‍ന്നു. അതിനാല്‍ വീണ്ടും ഹെലികോപ്‌റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതൊന്നും വകവയ്‌ക്കാതെയാണ് വീണ്ടും ഹെലികോപ്‌റ്റര്‍ വാടകയ്‌ക്കെടുത്തത്. ഹെലികോപ്‌റ്ററിന്റെ കന്നിയാത്ര ഈ മാസം 23ന് നടക്കുമെന്നാണ് സൂചന. അന്ന് മുഖ്യമന്ത്രി പിണറായി വിജയന് കാസര്‍കോട് ജില്ലയില്‍ അഞ്ചു പരിപാടികളാണുള്ളത്
ഹെലികോപ്റ്ററിൽ വന്നതിന്റെ ഗമയാണോ കാസറഗോട്ടെ പരിപാടിയിൽ കാണിച്ചത്.