സഹകരണ ബാങ്ക് തട്ടിപ്പ് കാസര്‍കോട്ടും: പീപ്പിള്‍സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറിക്കും ഭാരവാഹികള്‍ക്കുമെതിരെ കേസ്
കാസര്‍കോട്: സഹകരണ ബാങ്ക് തട്ടിപ്പ് കാസര്‍കോട് കേന്ദ്രീകരിച്ചും.നിക്ഷേപിച്ച ആൾക്ക് വ്യാജ രസീത് നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു.കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പിപ്പീള്‍സ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് എതിരെയാണ് ആരോപണം. കോടതി നിർദേശ പ്രകാരം സൊസൈറ്റി സെക്രട്ടറി സുനില്‍, പ്രസിഡന്റ് ശ്യാം, കാഷ്യര്‍ രഞ്‌ജിത്ത് എന്നിവര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ആദൂര്‍ കൊട്രച്ചാലിലെ എ കെ മാഹിന്‍ ബാദിഷയുടെ പരാതിയിലാണ് കേസ്.
2019ല്‍ പരാതിക്കാരന്‍ സൊസൈറ്റിയുടെ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. കോവിഡിനെത്തുടര്‍ന്നു ചിട്ടി താല്‍ക്കാലികമായി നിറുത്തി. കോവിഡ് കഴിഞ്ഞു ചിട്ടി പുനഃരാരംഭിച്ചപ്പോള്‍ നിശ്ചിത തുക അടച്ചാല്‍ ചിട്ടിക്കാലയളവ് കഴിഞ്ഞു തുക തിരിച്ചു നല്‍കാമെന്നു സെക്രട്ടറി അറിയിച്ചു. ഇതനുസരിച്ചു കാഷ്യറുടെ അക്കൗണ്ടിലേക്കു പണം നല്‍കി. എന്നാല്‍ ഈ പണത്തിനു വ്യാജ രസീതു നല്‍കി വഞ്ചിക്കുകയായിരുന്നെന്നാണ് പരാതി. ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കോടതി നിര്‍ദ്ദേശമില്ലാതെ അന്വേഷിക്കാനാവില്ലെന്ന നിര്‍ദ്ദേശത്തെതുടര്‍ന്നാണ് കോടതിയെ പരാതിക്കാരന്‍ സമീപിച്ചത്. ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നു ആരോപണമുയർന്നിട്ടുണ്ട്.