കണ്ണൂര്‍: പോക്‌സോ കേസിൽ കുടുക്കാൻ അധ്യാപകനെതിരെ ഗൂഢാലോചന നടത്തിയതിനു പൊലീസ് സ്വമേധയാ കേസെടുത്തു. വ്യാജ ആരോപണം ഉന്നയിച്ച് അധ്യാപകനെതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനിയുടെ മാതാവാണ് കേസിലെ ഒന്നാം പ്രതി. എടക്കാട്, കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാന അധ്യാപകൻ സുധാകരന്‍ മഠത്തില്‍ (53), അധ്യാപകന്‍ കോളയാട്, ഐശ്വര്യയിലെ പി.എം.സജി(42), പിടിഎ പ്രസിഡണ്ട് ഗാന്ധിനഗർ ഹൗസിംഗ് കോളനിയിലെ കെ.രജ്ഞിത്ത് (56) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കടമ്പൂര്‍ സ്‌കൂള്‍ അധ്യാപകനും കോഴിക്കോട് സ്വദേശിയുമായ പി.ജി.സുധിക്കെതിരെയാണ് ഗൂഢാലോചന നടത്തിയതെന്നാണ് കേസ്.
ഒരു വര്‍ഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം. 2022 ഒക്‌ടോബര്‍ 21ന് ഉച്ചയ്‌ക്ക് സുധി സ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തെ വിദ്യാര്‍ത്ഥിനികള്‍ വസ്‌ത്രം മാറുന്ന മുറിയില്‍ കടന്നുചെന്ന് 13 വിദ്യാര്‍ത്ഥിനികൾക്ക് നേരെ ലൈംഗിക ഉദ്ദേശത്തോടെ ചേഷ്‌ടകള്‍ കാണിക്കുകയും അതിക്രമത്തിനു മുതിര്‍ന്നുവെന്നുമായിരുന്നു ആരോപണം. അന്ന് വിദ്യാര്‍ത്ഥിനികളിൽ ഒരാളുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി കെട്ടിച്ചമച്ചതാണെന്നു വ്യക്തമായി. അധ്യാപകനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായതുമില്ല. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെ സസ്‌പെന്റ് ചെയ്‌തു. അടുത്ത വര്‍ഷം വിരമിക്കേണ്ടിയിരുന്ന ഇയാളെ ഇനിയും തിരിച്ചെടുത്തതുമില്ല.
ഇതിനിടയിലാണ് വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിനായിരുന്നു കോടതി നിര്‍ദ്ദേശം. പൊലീസ് വിശദമായ അന്വേഷണം നടത്തുകയും സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ഒരു ജീവനക്കാരി കോടതിയില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്‌തു. ഇതോടെയാണ് ഗൂഢാലോചനയ്‌ക്ക് കേസെടുക്കാൻ കോടതി നിര്‍ദ്ദേശിച്ചത്.