കാസർകോട് : കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടുത്ത ജില്ലയായ കാസര്‍കോട് ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങള്‍ നിലവിലില്ലെന്ന് വിലയിരുത്തുകയും പകര്‍ച്ചവ്യാധി പരിവീക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും ഡി.എം.ഒ അറിയിച്ചു.പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, ഛര്‍ദ്ദി, തളര്‍ച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. ശരീര സ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്.നിപ പോലുള്ള സാഹചര്യങ്ങളില്‍ തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും തിരിച്ചറിയാനും തള്ളിക്കളയാനും എല്ലാവരും ശ്രദ്ധിക്കുകയും ശരിയായ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളെ പിന്തുടരുകയും ചെയ്യുക. ഏതെങ്കിലും സഹായങ്ങള്‍ക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടാമെന്നു അധികൃതർ അറിയിച്ചു