കാസർകോട് : ഉദുമ സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ യുവതിയെ പട്ടാപ്പകല്‍ നഗരമധ്യത്തിലെ ലോഡ്‌ജ് മുറിയില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഉദുമ മുക്കുന്നോത്ത് കാവിനു സമീപത്തു താമസിക്കുന്ന ദേവിക(34) കൊലക്കേസിന്റെ കുറ്റപത്രമാണ് ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ദേവികയുടെ സുഹൃത്ത് ബോവിക്കാനത്തെ സതീഷ് ഭാസ്‌ക്കര്‍ (38) ആണ് പ്രതി. മെയ് മാസം 16ന് പകല്‍ രണ്ടുമണിക്ക് ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനു സമീപമുള്ള ഹോട്ടല്‍ മുറിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.കാഞ്ഞങ്ങാട് നഗരത്തിലെ സെക്യൂരിറ്റി സ്ഥാപനം നടത്തിപ്പുകാരനായ സതീഷ് ഭാസ്‌ക്കറും കൊല്ലപ്പെട്ട ദേവികയും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹബന്ധം നിലനിൽക്കെയാണ് ഇരുവരും പ്രണയത്തിലായതും അടുപ്പം തുടര്‍ന്നതും.കൊലപാതകം നടന്ന ദിവസം കാഞ്ഞങ്ങാട്ടെ ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു യുവതി. ഈ വിവരമറിഞ്ഞ് സതീഷ് ഭാസ്‌ക്കർ യുവതിയെ നിര്‍ബന്ധിച്ച് ലോഡ് ജില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ബന്ധത്തെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും ഇതിനിടയില്‍ ദേവികയെ കിടക്കയിലേയ്‌ക്ക് തള്ളിയിട്ട് കൊലനടത്തുകയുമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊലപാതകത്തിനിടയില്‍ യുവതി സതീഷിൻ്റെ കൈവിരലില്‍ കടിച്ചിരുന്നു. കൊലപാതകത്തിനു ശേഷം സതീഷ് നേരിട്ട് ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈനിനോട് സംഭവം പറഞ്ഞതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. തൻ്റെ കുടുംബജീവിതത്തിനു തടസ്സമായതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് സതീഷ് നല്‍കിയ മൊഴി. കൊലപാതകം, ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതി മൂന്നു മാസമായി ജയിലിലാണ്.