മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു;ബെവ്കോഔട്ട്ലെറ്റിന് മുന്നിൽ യുവാവ് അടിയേറ്റ് മരിച്ചു
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഒരാൾ അടിയേറ്റ് മരിച്ചു.കൽപ്പറ്റ പുത്തൂർ വയൽ സ്വദേശി തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു(37)ആണ് മരിച്ചത്. ബിവറേജസ് ഔട്ട്ലറ്റിന് സമീപം ഉച്ചക്ക് ഒരു മണിയോടെയാണ് സംഘർഷമുണ്ടായത്. നിഷാദ് ബാബുവും കൊട്ടാരം ഷഫീഖ്,കൊട്ടാരം ഷഫീർ എന്നിവരും തമ്മിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരു സംഘവും പരസ്പരം കല്ലുകൊണ്ട് അടികൂടിയെന്ന് പൊലീസ് പറഞ്ഞു. കല്ലുകൊണ്ടുള്ള അടിയിൽ ഗുരുതര പരിക്കേറ്റ നിഷാദിനെ കൽപ്പറ്റ കൈനാട്ടിയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. കൽപ്പറ്റ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. നിഷാദ് ബാബുവിന്‍റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും