തിരുവനന്തപുരം: സീരിയൽ, സിനിമാ നടി അപർണാ നായരുടെ ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങളെന്ന് സൂചന.ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നതായി സഹോദരി പൊലീസിന് മൊഴി നൽകി.ഭർത്താവ് സഞ്ജിത്തിന്‍റെ അമിത മദ്യപാനത്തിലും അവഗണനയിലും അപർണ കടുത്ത നിരാശയിലായിരുന്നെന്നാണ് സഹോദരി മൊഴി നൽകിയത്. നിലവിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസ്സെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനൊടുവിൽ ആത്മഹത്യാ പ്രേരണകുറ്റം ഭർത്താവിനെതിരെ ചുമത്താനിടയുണ്ട്.മരിക്കുന്നതിന് മുൻപ് അമ്മയെ വീഡിയോ കോൾ ചെയ്ത് അപർണ ഭർത്താവുമായുള്ള പ്രശ്നങ്ങൾ സൂചിപ്പിച്ചിരുന്നു. ഭർത്താവിനും രണ്ട് പെൺകുട്ടികൾക്കും ഒപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണ താമസിച്ചിരുന്നത്.അപർണയുടെയും സഞ്ജിത്തിന്‍റെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. നാല് വർഷം മുമ്പാണ് സഞ്ജിത്തിനെ വിവാഹം കഴിച്ചത്. ഇവർക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. അടുത്തിടെ തന്‍റെ ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലെല്ലാം നിരാശ പ്രകടിപ്പിക്കുന്ന പോസ്റ്റുകളാണ് അപർണ ഇട്ടിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപർണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, മേഘതീർഥം, മുദ്ദുഗൗ, തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് അപർണ