പ്രണയബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്‌തു; യുവാവ് തൂങ്ങി മരിച്ച നിലയില്‍
കാസർകോട് : പ്രണയബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്‌തതിന്റെ മനോവിഷമത്തിൽ യുവാവ് മരക്കൊമ്പില്‍ തൂങ്ങി മരിച്ചു. ഹേരൂര്‍ വണിയൂരിലെ രമേശ ഷെട്ടി-വേദാവതി ദമ്പതികളുടെ മകന്‍ നവദീപി(26)നെയാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവദീപും മഞ്ചേശ്വരം സ്വദേശിനിയായ പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ബന്തിയോട് വച്ച് നവദീപിനെ കാണുകയും പ്രണയബന്ധത്തില്‍ നിന്നു പിന്മാറണമെന്നു ആവശ്യപ്പെടുകയും ചെയ്തു. പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി. രാത്രി വീട്ടില്‍ എത്തിയ നവദീപിനു ഫോണ്‍ വരികയും ഫോണില്‍ സംസാരിച്ചു കൊണ്ട് പുറത്തേയ്‌ക്ക് ഇറങ്ങിപ്പോയതായും 10 മണിയോടെ തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നതാണെന്നും വീട്ടുകാര്‍ പറഞ്ഞു. രാവിലെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടയിലാണ് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വീട്ടില്‍ നിന്നും ഇറങ്ങിയത് ആരുടെ ഫോണ്‍കോള്‍ വന്നതിനുശേഷമാണെന്നു കണ്ടെത്താനുളള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ദീപശ്രീ, നവ്യശ്രീ എന്നിവര്‍ നവദീപിന്റെ സഹോദരിമാരാണ്.