കാസര്‍കോട്: കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴാംപ്രതിക്ക് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചു. ഏഴാം പ്രതി ബേഡകം സ്വദേശി അശ്വിനാണ് 28 ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ കൊച്ചി സിബിഐ കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുടുംബ വീടിന്റെ ഗൃഹപ്രവേശന കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം അനുവദിച്ചത്. ഞായറാഴ്ച ഹൊസ്ദുര്‍ഗ്ഗ് ജയിലിലെത്തിച്ച് 28 ന് രാവിലെ ഏഴിന് വീട്ടിലെത്തിക്കാന്‍ കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. ജാമ്യം അനുവദിച്ച സമയത്ത് യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും ലംഘിച്ചാല്‍ ജാമ്യം റദ്ദ് ചെയ്യാനും കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. നാലര വര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അശ്വിന് ആദ്യമായാണ് ജാമ്യം ലഭിച്ചത്.