തിരുവനന്തപുരം: ഫീടക്കാൻ വൈകിയതിന് കുട്ടിയെ നിലത്തിരുത്തി പരീക്ഷ എഴുതിച്ച് സ്വകാര്യ സ്കൂൾ. തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ ശ്രീവിദ്യാധിരാജ സ്കൂളിലാണ് ലജ്ജിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ആണ് നിലത്തിരുത്തിയത്. വിദ്യാർത്ഥി രക്ഷിതാക്കളോട് വിവരം പറയുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിന് പിന്നാലെ പ്രിൻസിപ്പലിനെതിരെ മാനേജ്മെന്‍റ് നടപടി എടുത്തു. പ്രിൻസിപ്പലിനോട് പരാതി പറയാൻ വിളിപ്പിച്ചപ്പോൾ നല്ല തറയാണ് കുഴപ്പമൊന്നും ഇല്ലെന്ന പരിഹാസമായിരുന്നു പ്രതികരണമെന്ന് രക്ഷിതാക്കൾ പറഞ്ഞു. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതായി മാനേജ്മെന്‍റ് അറിയിച്ചു.സംഭവത്തെകുറിച്ച് അന്വേഷിക്കാൻ മാനേജ്മെന്‍റ് ട്രഷററെ നിയോഗിച്ചതായും മാനേജ്മെന്‍റ് വ്യക്തമാക്കി.എന്നാൽ കുട്ടിയെ തുടർന്ന് ഇതേ സ്കൂളിൽ പഠിപ്പിക്കാൻ താത്പര്യമില്ലെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.സംഭവത്തിൽ ശിശുക്ഷേമ സമിതി മുൻപാകെ രക്ഷിതാവ് പരാതി നൽകിയിട്ടുണ്ട്.