കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് സ്വദേശി ചെറുവാഞ്ചേരി ഹൗസിൽ സി അരുൺകുമാർ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് സ്വദേശി കെ സുധാകരൻ എന്നിവരാണ് അറസ്റ്റിലായത്. തണ്ടപ്പേരിനും സൈറ്റിൽ പ്ലാൻ ചേർക്കുന്നതിനായി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ചാമുണ്ഡി കുന്ന് സ്വദേശി അബ്ദുൽ ബഷീറിന്റെ സഹോദരിയുടേതാണ് ഭൂമി.
മൂവായിരം രൂപ ഇല്ലാതെ ലീഗൽ ഹയർ സർട്ടിഫിക്കറ്റും തണ്ടപേരും അനുവദിച്ചു തരില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് പരാതിക്കാരനായ ബഷീർ വിജിലൻസ് ഡിവൈസ് പിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച വിജിലൻസ് സംഘം വില്ലേജ് ഓഫീസിനു സമീപത്ത് എത്തി പരാതിക്കാരനു ഫിനോഫ്തലിൻ പൗഡർ പുരട്ടിയ 3000 രൂപ നൽകിയിരുന്നു. ഇത് വില്ലേജ് ഓഫീസിൽ എത്തി ഉദ്യോഗസ്ഥർക്ക് കൈമാറിയപ്പോൾ ഡിവൈഎസ്പി വികെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി കയ്യോടെ പിടികൂടി. ഇൻസ്പെക്ടർ കെ സുനുമോൻ, സബ് ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, കെ രാധാകൃഷ്ണൻ, കെ മധുസൂദനൻ, പി വി സതീശൻ തുടങ്ങിയവർ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു. കൂടാതെ കാസർകോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർ പവിത്രൻ, അസിസ്റ്റന്റ് എജുക്കേഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് കരുണാകര എന്നിവരും വില്ലേജ് ഓഫീസിൽ എത്തിയിരുന്നു.