കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; മുൻ മന്ത്രി എ സി മൊയ്തീന് ഇ.ഡിയുടെ കുരുക്ക് ; ചോദ്യം ചെയ്യാൻ ഹാജരാകാൻ നിർദേശം; അക്കൗണ്ടുകൾ മരവിപ്പിച്ചു

തൃശ്ശൂർ:  22 മണിക്കൂർ നീണ്ട റെയ്ഡിനു പിന്നാലെ മുൻ മന്ത്രി എ.സി മൊയ്തീന്‍റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്.ബാങ്ക് അക്കൗണ്ടിൽ 30 ലക്ഷത്തിലധികം രൂപയുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ചോദ്യം ചെയ്യാൻ ഹാജരാകാൻ മൊയ്തീനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിലാണ് എ.സി മൊയ്തീനെ ചോദ്യം ചെയ്യുന്നത്. മൊയ്തീനെതിരെ നേരത്തെ പണം നഷ്ടപ്പെട്ടവർ ഇഡിക്ക് പരാതി നൽകിയിരുന്നു. അതേ സമയം തന്നെ പ്രതിയാക്കുകയല്ല പകരം സംശയ മുനയിൽ നി‍ർത്തി വേട്ടയാടാനാണ് ഇഡി ശ്രമിക്കുന്നതെന്ന് എസി മൊയ്തീൻ മാധ്യമങ്ങളോട് പ്രതികരിച്ചു.അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും തന്‍റേയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചെന്നും മൊയ്തീൻ അറിയിച്ചു. കരുവന്നൂർ ബാങ്കിൽ നിന്ന് മറ്റൊരു വ്യക്തിക്ക്  വായ്പ ലഭിക്കാൻ താൻ ഇടപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും മൊയ്തീൻ വ്യക്തമാക്കി. രണ്ട് അക്കൗണ്ടുകളിലെ സ്ഥിരം നിക്ഷേപമാണ് ഇപ്പോൾ ഇഡി ഇടപ്പെട്ട് മരവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച ഇഡി പരിശോധന പുലർച്ചെയായിരുന്നു അവസാനിച്ചത്.സിപിഎം ഭരിച്ചിരുന്ന കരുവന്നൂർ ബാങ്കിൽ കോടികളുടെ തട്ടിപ്പാണ് നടന്നതെന്ന് നേരത്തെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇതു സംബന്ധിച്ച് ഒന്നിലേറെ പരാതികൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page