തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ഭാര്യ മാതാവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളനാട് സ്വദേശി ഷിബുവാണ് ഭാര്യാ മാതാവ് എസ്തയെ (60)വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യാ ശ്രമം നടത്തിയത്. ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലോട് കരിമൺകോട് ലക്ഷംവീട് കോളനിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്നയാളാണ് ഷിബുവെന്ന് നാട്ടുകാർ പറഞ്ഞു. ജോലി കഴിഞ്ഞ് എത്തിയ ഭാര്യയെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് ഭാര്യാമാതാവിന് വെട്ടേറ്റത്. പിന്നാലെ താമസിക്കുന്ന വാടക വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച ഷിബുവിനെ വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കയറിയാണ് നാട്ടുകാരും പൊലീസും ചേർന്ന് രക്ഷിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസ്സെടുത്തതായി പൊലീസ് അറിയിച്ചു.
