മംഗലൂരു: അനധികൃതമായി കടത്തിയ 125 കിലോ രക്തചന്ദനമുട്ടികൾ മംഗലാപുരം ബൽത്തങ്ങാടിയിൽ കർണാടക പൊലീസിന്‍റെ വനം സിഐഡി വിഭാഗം പിടികൂടി. ചന്ദനം കടത്തിയ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.മംഗലാപുരം മാവിനക്കട്ട സ്വദേശി ഖാലിദ് , ഗുരുവായൻകരെ സ്വദേശി ദീക്ഷിത് എന്നിവരാണ് പിടിയിലായത്.മറ്റൊരു പ്രതി സന്തോഷ് രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വേനൂരിനടുത്ത കരിമനേലു എന്ന സ്ഥലത്ത് വച്ചാണ് ചന്ദനകടത്ത് സംഘത്തെ പിടികൂടിയത്. ഏകദേശം ആറര ലക്ഷത്തിന് മുകളിൽ വിലവരുന്നതാണ് പിടിച്ചെടുത്ത ചന്ദനമുട്ടികൾ. ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എ.എസ്.ഐ ജാനുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിന്നീട് വനംവകുപ്പ് വേനൂർ മേഖലാ ഓഫീസർ മാഹിന് പ്രതികളെയും ചന്ദനഉരുപ്പടികളും കൈമാറി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. അതിർത്തി വനമേഖലയിൽ നിന്നാണ് രക്തചന്ദനം മുറിച്ച് കടത്തിയതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.