തൃശ്ശൂർ: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ എന്തുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 96 കോടിയാണ് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ മാസപ്പടിയായി വാങ്ങിയതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എന്ത് ന്യായത്തിന്‍റെ പേരിലാണ് പണം വാങ്ങിയത്?.എൽ.ഡി.എഫ്,യു.ഡി.എഫ് നേതാക്കളെല്ലാം മാസപ്പടി കൈപ്പറ്റിയിട്ടുണ്ട്.ഇത്രയും വലിയ അഴിമതി ആരോപണം ഉയർന്നിട്ടും സംസ്ഥാനത്തെ പ്രധാന അന്വേഷണ ഏജൻസികളായ വിജിലൻസും ലോകായുക്തയും നോക്കുകുത്തികളായിരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ തൃശ്ശൂരിൽ പറഞ്ഞു.വിഷയത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തണം. മാസപ്പടി വിഷയം ഉയർത്തി ബിജെപി ശക്തമായ പ്രക്ഷോഭ സമരങ്ങൾ ആരംഭിക്കുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി .ബിജെപി സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.പുതുപ്പള്ളിയിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നും ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ ബിജെപി ഇടപെടേണ്ടതില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
