മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരി വേട്ട. കാറില്‍ കടത്തിയ 150 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഓമശ്ശേരി കള്ളുരുട്ടി സ്വദേശി പൂവത്തിരി ചാലില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (33) അറസ്റ്റിലായി. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. യൂനസും സംഘം വാമഞ്ചൂരില്‍ വാഹന പരിശോധന നടത്തിയത്. സംശയം തോന്നിയ ഹുണ്ടായി കാര്‍ പരിശോധിച്ചപ്പോഴാണ് 18,000 പാക്കറ്റുകളിലായി 150 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഉല്‍പന്നങ്ങള്‍ക്ക് ഏകദേശം രണ്ടുലക്ഷത്തോളം വില വരുമെന്ന് അധികൃതര്‍ പറഞ്ഞു. കോട്പ ആക്ട് പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ ബുധനാഴ്ച കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എ ജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ് പി നായര്‍, പിപി മുഹമ്മദ് ഇജാസ്, എം.എം അഖിലേഷ് എന്നിവരും പങ്കെടുത്തു.